Kerala Engineering Services: A much necessary one – Dr. B. Ashok, KSEB Chairman writes
ഇന്ന് എന്‍ജിനിയറിങ് ബിരുദം ഏതാണ്ട് ഒരടിസ്ഥാന യോഗ്യതയായി കേരളത്തില്‍ മാറിയിട്ടുണ്ട്. വളരെ വിജയശതമാനം കുറഞ്ഞ ഒരു കോഴ്സാണ് എന്‍ജിനിയറിങ്. ശരാശരിക്കാര്‍ ധാരാളവും മികവുള്ളവര്‍ അതിലല്പം കുറവുമുള്ള ഒരു പ്രതിഭാസം ചില മേഖലകളിലുള്ളതുപോലെ എന്‍ജിനിയറിങ്ങിനെയും വേട്ടയാടുന്നു…….
കെ.എ.എസ്. പൊതുഭരണരംഗത്ത് നേടുന്ന ചലനാത്മകത സംഭവിച്ചാല്‍ അതിനനുസൃതമായ മുന്നൊരുക്കം ഇല്ലാത്ത പബ്ലിക് എന്‍ജിനിയറിങ് സര്‍വീസ് കൂടുതല്‍ വിടവുകള്‍ക്കും ഭരണ മന്ദീഭവിക്കലിനും ഇടനല്‍കും. നിലവിലെ പബ്ലിക് എന്‍ജിനിയറിങ് സര്‍വീസുകള്‍ക്ക് നിലവാരക്കുറവുണ്ട് എന്ന വിവക്ഷയില്ല. ലോകത്തിലെ മികവുറ്റ എന്‍ജിനിയര്‍മാരെ പൊതുമരാമത്തിലും ജലവിഭവത്തിലും ഇലക്ട്രോണിക്‌സിലുമൊക്കെ നമ്മള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാല്‍, അത് വളരെ സാര്‍വത്രികമാക്കേണ്ടതുണ്ട്……
ജലവിതരണം, ജലസേചനം, ഊര്‍ജം എന്നിങ്ങനെ മഹാഭൂരിപക്ഷവും എന്‍ജിനിയര്‍മാര്‍ നയിക്കുന്ന സംസ്ഥാന സാങ്കേതിക വകുപ്പുകളിലും കേന്ദ്ര സര്‍വീസിലുള്ളപ്പോള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, കേന്ദ്ര ജലക്കമ്മിഷന്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിച്ചതിന്റെയും അനുഭവത്തില്‍, നമ്മുടെ പൊതുനിര്‍മാണം-പരിസ്ഥിതി പരിപാലനത്തിനും വികസനത്തിനും കേരളം അടിയന്തരമായി ചെയ്യേണ്ടത് കെ.എ.എസ്. മാതൃകയില്‍ ഒരു കേരള എന്‍ജിനിയറിങ് സര്‍വീസ് രൂപവത്കരിക്കുകയാണ്. നിലവിലെ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി., ജലസേചന വകുപ്പ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, ഇവയോടനുബന്ധിച്ചുള്ള മറ്റു കമ്പനികള്‍ എന്നിവയിലെയും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തലം മുതല്‍ ചീഫ് എന്‍ജിനിയര്‍, എന്‍ജിനിയര്‍-ഇന്‍-ചീഫ് എന്നിങ്ങനെ ഉയര്‍ന്ന എന്‍ജിനിയര്‍ തസ്തികകളികളിലെല്ലാം സംസ്ഥാന എന്‍ജിനിയറിങ് സര്‍വീസുകാരെ നിയമിക്കണം……
പരിശീലനം എങ്ങനെ
വാര്‍ഷിക പി.എസ്.സി. പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന കെ.ഇ.എസ്. എന്‍ജിനിയര്‍മാര്‍ക്ക് ദേശീയ-അന്തര്‍ദേശീയ എന്‍ജിനിയറിങ്-മാനേജ്മെന്റ് പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹകരണത്തോടെ ലോകത്തെ മികച്ചതും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കുതകുന്നതുമായ ഒന്നരവര്‍ഷത്തെ ഇന്‍സര്‍വീസ് ട്രെയിനിങ് നല്‍കണം. മൂന്നില്‍ രണ്ടു സീനിയര്‍ തസ്തികകളും മത്സരപരീക്ഷാടിസ്ഥാനത്തില്‍ നിയമിക്കണം. പ്രൊഫഷണല്‍ ട്രെയിനിങ്ങില്‍ത്തന്നെ കേരളത്തിലെ ഭൂമിശാസ്ത്ര-പരിസ്ഥിതി-ജലവിഭവ പശ്ചാത്തലം യുവ എന്‍ജിനിയര്‍മാരെ ബോധ്യപ്പെടുത്തണം. ‘ട്രേഡ്’ ഇലക്ട്രിക്കലോ, ഇലക്ട്രോണിക്‌സോ, കംപ്യൂട്ടര്‍ സയന്‍സോ ആയാലും പ്രാഥമികമായി കേരളത്തിന്റെ സിവില്‍-ഇലക്ട്രിക്കല്‍-മെക്കാനിക്കല്‍ പശ്ചാത്തലം, കേരളത്തിലെ സുപ്രധാന പശ്ചാത്തല സൗകര്യങ്ങളുടെ പരിചയം, മാറുന്ന മെറ്റീരിയല്‍ സയന്‍സ്, പദ്ധതി സമ്പദ്ഘടന, പദ്ധതി ധനകാര്യം, പ്രോജക്ട് മാനേജ്മെന്റ്, എന്‍ജിനിയറിങ് സേഫ്റ്റി, ഡിസൈന്‍, ക്വാളിറ്റി മാനേജ്മെന്റ് എന്നിങ്ങനെ മാറുന്ന എന്‍ജിനിയറിങ് തൊഴില്‍ പരിസ്ഥിതിയുടെ വിവിധവശങ്ങളില്‍ ശക്തമായ പൊതുപരിചയം നിയമിതര്‍ക്ക് ഒരു വര്‍ഷത്തില്‍ ഒരു കേന്ദ്രീകൃത സ്ഥാപനം നല്‍കണം. ഐ.ഐ.ടി., ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതി സമഗ്രമാക്കണം. ഒരു അന്തര്‍ദേശീയ സ്ഥാപനത്തിലും അന്തര്‍ദേശീയ പരിശീലനം വേണ്ട സാഹചര്യങ്ങളില്‍ അവഗാഹം നല്‍കണം.
മികവിന്റെ വിനിയോഗം
എന്‍ജിനിയര്‍മാര്‍ ‘ട്രേഡിന്റെ’ വിദഗ്ധരായാല്‍ പോരാ മികച്ച ഭാഷയും പെരുമാറ്റവും ആധുനിക സര്‍ക്കാര്‍-ബിസിനസ് എന്നിവയുടെ മൂല്യവിചാരവും പെരുമാറ്റവും ശീലിക്കണം. ഒരു 360 ഡിഗ്രി പ്രൊഫഷണല്‍ സമീപനവും സീനിയര്‍ എന്‍ജിനിയറിങ്-മാനേജീരിയല്‍ തൊഴിലുകളില്‍ ശോഭിക്കാനുള്ള ആധുനികമായ ഭാഷയും പെരുമാറ്റവും വിശകലന സാമര്‍ഥ്യവും അവര്‍ക്കു നല്‍കണം. ചീഫ് എന്‍ജിനിയര്‍മാരായി കുറഞ്ഞത് 3-5 വര്‍ഷം ലഭിക്കുന്ന ഒരു സേവന കാലയളവ് എന്‍ജിനിയറിങ് സര്‍വീസുകാര്‍ക്കു നല്‍കണം. എക്‌സിക്യുട്ടീവ്-സൂപ്രണ്ടിങ്-ചീഫ് തലത്തില്‍ ഏഴുവര്‍ഷം വീതം പരിചയം നല്‍കണം. പത്തുവര്‍ഷം ശരാശരി സര്‍വീസുള്ള അന്‍പതിലധികം ചീഫ് എന്‍ജിനിയര്‍മാരെ സംസ്ഥാനത്തിന് അതിന്റെ നിലവിലെ പദ്ധതി നിര്‍വഹണം സജീവമാക്കാന്‍ ആവശ്യമാണ്. സ്വന്തം ട്രേഡിലും കേഡറിലും ഇരുപതുവര്‍ഷവും ഏഴു വര്‍ഷമെങ്കിലും മറ്റു സ്ഥാപനങ്ങളിലും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉയര്‍ന്ന തസ്തികകളില്‍ അവര്‍ പ്രവര്‍ത്തിക്കണം.
മാനേജീരിയല്‍ വൈദഗ്ധ്യം തെളിയിക്കുന്നവരെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമിക്കണം. കെ.എ.എസ്. പൊതുഭരണരംഗത്ത് നേടുന്ന ചലനാത്മകത സംഭവിച്ചാല്‍ അതിനനുസൃതമായ മുന്നൊരുക്കം ഇല്ലാത്ത പബ്ലിക് എന്‍ജിനിയറിങ് സര്‍വീസ് കൂടുതല്‍ വിടവുകള്‍ക്കും ഭരണ മന്ദീഭവിക്കലിനും ഇടനല്‍കും. നിലവിലെ പബ്ലിക് എന്‍ജിനിയറിങ് സര്‍വീസുകള്‍ക്ക് നിലവാരക്കുറവുണ്ട് എന്ന വിവക്ഷയില്ല. ലോകത്തിലെ മികവുറ്റ എന്‍ജിനിയര്‍മാരെ പൊതുമരാമത്തിലും ജലവിഭവത്തിലും ഇലക്ട്രോണിക്‌സിലുമൊക്കെ നമ്മള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാല്‍, അത് വളരെ സാര്‍വത്രികമാക്കേണ്ടതുണ്ട്. മികവ് സാര്‍വത്രികമാവണം. ഒറ്റപ്പെട്ട ധ്രുവനക്ഷത്ര സമാനമാവരുത്.
നിലവിലെ എന്‍ജിനിയര്‍മാരെ കേഡറില്‍ നിയമിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കൊക്കെ ഓപ്ഷന്‍ അടിസ്ഥാനത്തില്‍ സര്‍വീസ് അംഗങ്ങളെ അലോട്ട് ചെയ്യാം. യു.പി.എസ്.സി. കേന്ദ്ര എന്‍ജിനിയറിങ് സര്‍വീസുകാരെ നിയമിക്കുന്ന മാതൃകയില്‍ നിയമനവും കേഡറിനു പുറത്ത് കൂടുതല്‍ പരിചയം നല്‍കുന്ന ഡെപ്യൂട്ടേഷനുകളും നല്‍കാം. ഐ.എ.എസ്./ കെ.ണ്ടഎ.എസ്. മാതൃകയില്‍ കരിയര്‍ വികസന സൗകര്യങ്ങളും അക്കാദമിക് പഠന സൗകര്യങ്ങളും നല്‍കിയാല്‍ രാജ്യത്തെത്തന്നെ മികച്ച എന്‍ജിനിയറിങ് കേഡറായി കെ.ഇ.എസിന് ഭാവിയില്‍ മാറാന്‍ കഴിയും.
മികവിന് ഒരിടം
ഇന്ന് എന്‍ജിനിയറിങ് ബിരുദം ഏതാണ്ട് ഒരടിസ്ഥാന യോഗ്യതയായി കേരളത്തില്‍ മാറിയിട്ടുണ്ട്. വളരെ വിജയശതമാനം കുറഞ്ഞ ഒരു കോഴ്സാണ് എന്‍ജിനിയറിങ്. ശരാശരിക്കാര്‍ ധാരാളവും മികവുള്ളവര്‍ അതിലല്പം കുറവുമുള്ള ഒരു പ്രതിഭാസം ചില മേഖലകളിലുള്ളതുപോലെ എന്‍ജിനിയറിങ്ങിനെയും വേട്ടയാടുന്നു. അഭിരുചിക്കുറവുള്ള ഏറെപ്പേര്‍ ഇതില്‍ കുടുങ്ങിയും കിടക്കുന്നു. ഇന്റഗ്രിറ്റിയില്‍ ഒട്ടും കലര്‍പ്പില്ലാതെ മികവു പുലര്‍ത്തുന്നവര്‍ക്ക് മറ്റു രംഗങ്ങളിലെപ്പോലെ വെല്ലുവിളികളും മനോവ്യഥയും കൂടുതലുമാണ്. മികവിന് സ്ഥിരമായി ഒരിടം ഒരുക്കിക്കൊണ്ടേ നമുക്ക് കേരളത്തിലെ എന്‍ജിനിയറിങ്ങിനെ ലോകോത്തരമാക്കാനാവൂ. ജര്‍മനിയെപ്പോലെ ഡിസൈനില്‍ അഥവാ നിര്‍മിതിയില്‍ മികവുള്ള ഒരിടമായി കേരളത്തിനു മാറാം. ഏതു മേഖലയിലും പ്രഗല്ഭതയും പ്രശസ്തിയും കഠിനാധ്വാനികള്‍ക്കും പ്രതിഭാശാലികള്‍ക്കും ഉണ്ടാകണം എന്നില്ല. എന്നിരിക്കിലും ഇന്ത്യയിലെ പ്രഗല്ഭ എന്‍ജിനിയര്‍മാരുടെ പട്ടികയില്‍ ഇന്ന് ഇടം പിടിച്ചിരിക്കുന്ന മലയാളികളുടെ സംഖ്യ ഇനിയും വളരെ കൂട്ടേണ്ടതുണ്ട്.
മികവുറ്റ മനുഷ്യവിഭവ ശേഷി ഹയര്‍ എന്‍ജിനിയറിങ് സര്‍വീസില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി ലഭിക്കുമ്പോള്‍ത്തന്നെ എന്‍ജിനിയറിങ് വകുപ്പുകളുടെ സമ്പ്രദായങ്ങള്‍ മെച്ചപ്പെടും. രാജ്യത്തെ ഐ.ഐ.ടി., എന്‍.ഐ.ടി. ശൃംഖലകളില്‍നിന്ന് ഒട്ടേറെ ബിരുദധാരികള്‍ സര്‍ക്കാരില്‍വരും. ഏതു സിസ്റ്റവും അതിലെ മനുഷ്യവിഭവശേഷിയെ രൂപപ്പെടുത്തുന്നതാണ്. ഇന്‍വെസ്റ്റിഗേഷന്‍, പ്രൊക്യുര്‍മെന്റ്, കോണ്‍ട്രാക്റ്റ് മാനേജ്മെന്റ്, എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് എന്നിങ്ങനെ സാങ്കേതിക വിദ്യക്കും മാനേജ്മെന്റിനും ഇടയില്‍ ഒട്ടേറെ ഇടത്തരം സിദ്ധികള്‍ എന്‍ജിനിയറിങ് വകുപ്പുകള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. കേവലം സാങ്കേതിക സിദ്ധികൊണ്ട് ഒരു പൊതു നയസംവിധാനത്തില്‍ വിജയിക്കാനാകില്ല. ഏതു സാങ്കേതികവിദ്യയും നിര്‍വഹണസാധ്യതയും പൊതുനയത്തിലെ സ്വീകാര്യതയിലുമാണ് വിജയിക്കുന്നത്. ‘ചാന്ദ്രയാന്‍’ വിജയിക്കാന്‍ റോക്കറ്റ് സാറ്റലൈറ്റ് പ്രൊപ്പല്‍ഷന്‍ മാത്രം വിജയിച്ചാല്‍ പോരാ. ചാന്ദ്രയാന്‍ പദ്ധതി അംഗീകരിക്കുന്ന നിശ്ചയങ്ങള്‍ എടുക്കുന്ന സംവിധാനത്തിന് പൊതു പിന്തുണയും വേണം. ചാന്ദ്രയാന്‍ വിജയം ഒരു പൊതുബോധ്യമാകുന്നിടത്താണ് സങ്കേതം ആത്യന്തികമായി വിജയിക്കുന്നത്. കംപ്യൂട്ടിങ് ശേഷിയും സൗന്ദര്യത്തികവും ഒത്തിണക്കുമ്പോഴാണ് ‘ആപ്പിള്‍’ ഹിറ്റാകുന്നത്.
ഇപ്രകാരം പദ്ധതികളും സമീപനങ്ങളും ജനസ്വീകാര്യതയില്‍ ഉറപ്പിക്കാനും ധനകാര്യമാനേജീരിയല്‍ നവീകരണത്തോടെയും സുതാര്യതയ്ക്കും സ്വഭാവ ദാര്‍ഢ്യത്തിനും ഭംഗമില്ലാതെയും ജോലി സമയബന്ധിതമായി ചെയ്തുതീര്‍ക്കാനും പുതിയ ഉദ്ഗ്രഥിത പബ്ലിക് എന്‍ജിനിയറിങ് സര്‍വീസിനു കഴിയണം. ചീഫ് എന്‍ജിനിയര്‍മാര്‍ക്കു മീതെ കേഡര്‍ കണ്‍ട്രോള്‍ ചുമതലകൂടിയുള്ള ഒരു എന്‍ജിനിയര്‍-ഇന്‍- ചീഫിനെ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയില്‍ നിയമിക്കുന്നതും ആലോചിക്കാവുന്നതാണ്. സര്‍ക്കാര്‍തല സാധാരണ വിശകലന സംവിധാനത്തിന് യഥാസമയം അപഗ്രഥിച്ചു പരിഗണിക്കാന്‍ കഴിയുന്ന വേഗത്തിനപ്പുറത്താണ് ഇന്ന് എന്‍ജിനിയറിങ്ങിലെ വികാസപരിണാമങ്ങള്‍.
കേവലം മെയിന്റനന്‍സ്-റിവേഴ്സ് എന്‍ജിനിയറിങ്ങുകള്‍ക്കപ്പുറം ഉയര്‍ന്നുവരുന്ന പാരിസ്ഥിതികവും സാങ്കേതികവും ധനകാര്യപരവും മാനേജീരിയലും വിവര സാങ്കേതികനേട്ട പശ്ചാത്തലത്തിലും മികവും ഉത്സാഹബുദ്ധിയുമുള്ള ഒരു പുതിയ എന്‍ജിനിയറിങ് സര്‍വീസിനേ കഴിയൂ. കെ.എ.എസിനെ തുടര്‍ന്ന് കെ.ഇ.എസും കേരളം ഗൗരവമായി ചര്‍ച്ചയ്‌ക്കെടുക്കേണ്ട സമയമായി എന്നു തോന്നുന്നു. നിശ്ചയിച്ചാല്‍ രണ്ടുവര്‍ഷംകൊണ്ട് കേരളാ എന്‍ജിനിയങ് സര്‍വീസ് നിലവില്‍ വരുകയും ഇന്ന് കേരളത്തിനു പുറത്തേക്ക് ഒഴുകുന്ന എന്‍ജിനിയറിങ് പ്രതിഭ നാട്ടില്‍ത്തന്നെ ഏറെക്കുറേ ലഭിക്കുകയും ചെയ്യാന്‍ സാഹചര്യം ഒരുങ്ങും.
കടപ്പാട്: മാതൃഭൂമി
കെ.എസ്.ഇ.ബി. ചെയർമാനാണ് ലേഖക൯
Kerala Engineering Services : A much necessary one
Leave a comment