
എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം ‘മെയ്‌സ് 8.0 പ്രൊഫഷണൽസ്; പ്രമുഖ എൻജിനീയർമാരെ ആദരിച്ചു
തിരുവനന്തപുരം: ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ ‘മെയ്‌സ് 8.0’-ന് മുന്നോടിയായി എൻജിനീയറിങ് മേഖലയിലെ പ്രൊഫഷണലുകൾക്കായി ‘മെയ്‌സ് 8.0 പ്രൊഫഷണൽസ്’ സംഘടിപ്പിച്ചു.
സ്വദേശി സയൻസ് മൂവ്മെന്റും പ്രമുഖ എൻജിനീയറിങ് പരിശീലന സ്ഥാപനമായ സിവിലിയൻസും സംയുക്തമായി, എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരം ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ), വിശ്വേശ്വരയ്യ ഭവനിൽ നടന്നു.
ചടങ്ങിൽ എൽ.എസ്.ജി.ഡി. ചീഫ് എൻജിനീയർ എൻജിനീയർ സന്ദീപ് കെ.ജി., പി.ഡബ്ല്യു.ഡി. റോഡ്സ് ചീഫ് എൻജിനീയർ എൻജിനീയർ അൻസാർ എം. എന്നിവരെ ആദരിച്ചു.
ആവേശകരമായ ക്വിസ് മത്സരത്തിൽ ദേവിക ജയപ്രകാശ്, പാർവതി പ്രദീപ് എന്നിവർ ഒന്നാം സ്ഥാനം നേടി. ആസിഫ് എം. നസർ, മനു സുരേഷ് എന്നിവർ രണ്ടാം സ്ഥാനവും സച്ചിൻ, അസീം എ. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും അംഗീകാരങ്ങളും വിതരണം ചെയ്തു.

സ്വദേശി സയൻസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി എൻജിനീയർ രാജീവ് സി. നായർ, അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരള മുൻ പ്രസിഡന്റ്, പി.ഡബ്ല്യു.ഡി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ സിന്ധു ആർ., ഐ.സി.ഐ. ചെയർമാൻ അൻവർ ഹുസൈൻ, ഐ.ഇ.ഇ.ഇ. ചെയർമാൻ ഡോ. ബി.എസ്. മനോജ്, ഐ.ജി.എസ്. മുൻ ചെയർമാൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ, ഐ.ഇ.ഐ. ചെയർമാൻ ഉദയകുമാർ കെ.എസ്., ഇ.സി.എസ്. ഡോ. പവിത്രൻ, സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
‘മെയ്‌സ് 8.0 പ്രൊഫഷണൽസ്’-ന് പിന്നാലെ ‘മെയ്‌സ് 8.0’-ന്റെ നാല് സോണൽ മത്സരങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന സോണൽ മത്സരങ്ങൾ ഗവ. കോളേജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ; എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, പാലക്കാട്; കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്); തിരുവനന്തപുരം എൻജിനീയറിങ് കോളേജ് (സി.ഇ.ടി.) എന്നിവിടങ്ങളിലായി സംഘടിപ്പിക്കും.

ഓരോ സോണൽ മത്സരത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ടീമുകൾ വീതം സെപ്റ്റംബർ 17-ന് തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.



Leave a comment