സൂപ്പർവിഷൻ എന്താണ് എന്ന് എൻജിനീയർമാർ മനസ്സിലാക്കണം..

സൂപ്പർവിഷൻ എന്താണ് എന്ന് എൻജിനീയർമാർ മനസ്സിലാക്കണം..

കോൺക്രീറ്റിങ് ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ കുടയും പിടിച്ചു മൊബൈലിൽ വർത്തമാനം പറഞ്ഞു സ്ളാബിന്റെ മുകളിൽ കേറി നിൽക്കുന്നതല്ല സൂപ്പർവിഷൻ എന്താണ് എന്ന് എൻജിനീയർമാർ മനസ്സിലാക്കണം.. സൂപ്പർവിഷൻ എന്താണ് എന്ന് മനസ്സിലാക്കണം
Suresh Madathil Valappil

സുബൈറിന്റെ വീടുപണി നടക്കുകയാണ്, മെയിൻ സ്ളാബിനു കോൺക്രീറ്റിൽ വാട്ടർ സിമെന്റ് റേഷ്യോ ശ്രദ്ധിക്കാനും, കവറിങ് ബ്ലോക്കും, വൈബ്രെറ്ററും, ബിറ്റുമിൻ പേപ്പറും, ഡ്രയിനേജ് സ്ലോപ്പും ഒക്കെ ഉൾപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു . പക്ഷെ എന്നിട്ടും പണി കിട്ടി. എട്ടിന്റെ പണി.

സുബൈർ എന്നെ കാണിച്ച ഫോട്ടോകളിൽ സ്ളാബിന്റെ അടിവശത്ത് നിന്നും നോക്കിയാൽ കാണുന്നത് മുഴുവൻ അതിനകത്തെ കല്ലുകളാണ്.

പറയുമ്പോൾ അദ്ദേഹം കോൺക്രീറ്റ് മിക്സ് നടത്തിയത് മിക്സർ മെഷീനിലാണ്, കോംപാക്ഷൻ നടത്തിയത് വൈബ്രെറ്റർ ഉപയോഗിച്ചാണ്, മിക്സിൽ വെള്ളം അധികമാകാതെ വീട്ടുകാർ ശ്രദ്ധിച്ചിട്ടും ഉണ്ട്. എങ്ങിനെയാണ് ഇത് സംഭവിച്ചതെന്ന് മാത്രം പിടിയില്ല.

എന്നാൽ ഇതെന്താണെന്നും, എങ്ങനെ സംഭവിച്ചു എന്നും പറയുന്നതിന് മുൻപ് നമുക്ക് ചില അടിസ്ഥാന വസ്തുതകൾ പരിശോധിക്കാം .

അതായത് സിമെന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവയുടെ ഒരു ചേരുവയാണ് ഈ കോൺക്രീറ്റ് എന്ന് നമുക്കെല്ലാവർക്കും അറിയാം. അഥവാ സിമെന്റും, മണലും, മെറ്റലും, കൂട്ടിയിളക്കി അതിൽ വെള്ളം ചേർത്താണ് കോൺക്രീറ്റ് ഉണ്ടാക്കുന്നത്.

ഈ ചേരുവകളിൽ ഏറ്റവും കനം കൂടിയ ഇനമാണ് മെറ്റൽ, അതിലും കനം കുറഞ്ഞത് മണൽ, പിന്നെ സിമെന്റ്.

നമ്മൾ നന്നായി മിക്സ് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ഈ ചേരുവകൾ കോൺക്രീറ്റിനുള്ളിൽ വീണ്ടും വിഘടിച്ചു, വേർപെട്ടു നിന്നേക്കാം.
അതായത് മെറ്റൽ ഒരിടത്ത്, മണൽ വേറൊരിടത്ത്, സിമെന്റ് വേറൊരിടത്ത് എന്ന അവസ്ഥ.
മിക്കവാറും ഏറ്റവും കനം കൂടിയ മെറ്റൽ സെന്ററിങ്ങിന്റെ അടിഭാഗത്തു നിക്ഷിപ്തമാകും. ഈ കേസിൽ കണ്ടതും അതാണ്.

ഇതിനെയാണ് എൻജിനീയർമാർ “സെഗ്രഗേഷൻ ഓഫ് കോൺക്രീറ്റ്” എന്ന് വിളിക്കുന്നത്.

പല കാരണങ്ങൾ കൊണ്ടും ഇതുണ്ടാവാം.

മിക്സിൽ വെള്ളം ഏറിയാൽ ഈ പറഞ്ഞ സെഗ്രഗേഷൻ സംഭവിക്കാം.

കോൺക്രീറ്റ് വളരെ ദൂരം എടുത്തു നടക്കുകയോ, അശാസ്ത്രീയമായ രീതിയിൽ വാഹനങ്ങളിൽ കൊണ്ട് പോവുകയോ ചെയ്‌താൽ സംഭവിക്കാം.ഇക്കാരണം കൊണ്ടുതന്നെ തന്നെ കോൺക്രീറ്റിംഗ് നടക്കുമ്പോൾ മിക്സർ മെഷീൻ കഴിവതും കെട്ടിടത്തിന്റെ ഏറ്റവും അടുത്തു സ്ഥാപിക്കുന്നതാണ് നല്ലത്‌.

അതുപോലെ വളരെ ഉയരത്തിൽ നിന്നും കോൺക്രീറ്റ് സെന്ററിങ് പ്രതലത്തിലേക്ക് ഇട്ടാൽ ഈ പറഞ്ഞ സെഗ്രഗേഷൻ സംഭവിക്കും.

അതിനാൽ അഞ്ചടിയിൽ (1.5m) അധികം ഉയരത്തിൽ നിന്നും കോൺക്രീറ്റ് താഴോട്ടു ഒഴിക്കരുത്, ഇത് ഞാൻ ചുമ്മാ പറയുന്നതല്ല.ഇന്ത്യൻ സിവിൽ എൻജിനീയർമാരുടെ വേദപുസ്തകമായ ഐ എസ് കോഡിൽ പറയുന്ന കാര്യമാണ്.

എന്നാൽ ഈ കാര്യത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള കാരണം ഇതൊന്നുമല്ല.

കോൺക്രീറ്റിൽ നടത്തിയ അധികമായ വൈബ്രെഷൻ ആയിരിക്കാം.

വൈബ്രെട്ടറിന്റെ നീഡിൽ കോൺക്രീറ്റിനകത്ത് എത്ര നേരം വയ്ക്കണം എന്നതിന് ചില കയ്യും കണക്കുമൊക്കെ ഉണ്ട്.

കോൺക്രീറ്റ് നന്നായി കോംപാക്ട് ചെയ്യപ്പെട്ടു എന്ന് ബോധ്യമായാൽ ഉടനെ നീഡിൽ പൊക്കി എടുക്കണം. ഒരു കാരണവശാലും പിന്നെ അതവിടെ വെക്കരുത്.

നെയ്യ് ഏറിയാൽ അപ്പം കേടു വരില്ലായിരിക്കാം, പക്ഷെ വൈബ്രെഷൻ ഏറിയാൽ കല്ലും മണലും സിമെന്റും വെള്ളവുമൊക്കെ അതിന്റെ പാട്ടിനു പോകും.

അതായത് മേൽപ്പറഞ്ഞ സെഗ്രഗേഷൻ സംഭവിക്കും.

അത് കോൺക്രീറ്റിന്റെ ഉറപ്പിനെയും ബാധിക്കും.

എൻജിനീയർമാരും കോൺട്രാക്ടര്മാരും മേസ്തിരിമാരും നമുക്കിടയിലെ എൻജിനീയറിങ് വിദ്യാർത്ഥികളും, വീട്ടമ്മമാരും ഒക്കെ മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ തീർച്ചയായും അറിയണം, ശ്രദ്ധിക്കണം. സൂപ്പർവിഷൻ എന്താണ് എന്ന് മനസ്സിലാക്കണം.

Post Courtesy : Suresh Madathil Valappil

#civilengineering #siteengineer #sitesupervisor #concrete #civilianz #beawinner

Leave a comment